KeralaNews

ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സിപിഐഎമ്മിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരായ രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് സൂചന.

ജില്ലയില്‍ ഒന്‍പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്ളതില്‍ അരൂരിലും ഹരിപ്പാടും മാത്രമാണ് യുഡിഎഫിന് വിജയം നേടാന്‍ കഴിഞ്ഞത്. ഇതില്‍ അരൂര്‍ നേടിയത് ഉപതെരഞ്ഞെടുപ്പിലൂടെയുമാണ്. എന്നാല്‍ ഇത്തവണ അട്ടിമറി വിജയം നേടി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

കുട്ടനാട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമും മത്സരത്തിനിറങ്ങും. എന്നാല്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ മത്സരിച്ച എസ് ശരത്തിന് പുറമേ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഷാജി മോഹന്‍, ഡി സുഗതന്‍ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.

ആലപ്പുഴയില്‍ കെഎസ് മനോജ്, റീഗോ രാജു എന്നിവരും അമ്പലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ എഎ ഷുക്കൂര്‍, എംപി പ്രവീണ്‍, എആര്‍ കണ്ണന്‍, രജേഷ് സഹദേവന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. കായംകുളത്ത് ഡിസിസി പ്രസിഡന്റ് എം ലിജുവിന് പുറമേ ത്രിവിക്രമന്‍ തമ്പി, ഇ സമീര്‍ എന്നിവരും വനിതാ സ്ഥാനാര്‍ത്ഥിയായി അരിത ബാബുവും പട്ടികയിലുണ്ട്.

ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥ്, എം മുരളി, ബി ബാബു പ്രസാദ്, എബി കുര്യാക്കോസ് എന്നിവരുടെ പേരുകളും മാവേലിക്കരയില്‍ കെ ഷിബു രാജന്‍, മിഥുന്‍ കുമാര്‍ മയൂരം തുടങ്ങിയവരും ഡിസിസി ജില്ലാ നേതൃത്വം കെപിസിസിക്ക് കൈമാറിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിജയ സാധ്യതയല്ലാതെ മറ്റൊരു ശുപാര്‍ശയും പരിഗണിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഉള്ളതിനാല്‍ പേരുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനവും ഹൈക്കമാന്‍ഡിന്റേതാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button