തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാള്‍ അവിടെ നിന്നും നല്‍കി. അതല്ലാതെ തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.
ദുബൈയില്‍ പോയ സമയത്ത് വില കൊടുത്ത് വാങ്ങിയ ഐഫോണ്‍ കൈവശമുണ്ടെന്നും അതല്ലാതെ ഐഫോണ്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റാക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയയില്‍ സിപിഐഎം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കി. യുഎഇ കോണ്‍സുലേറ്റിനായി ആണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയത്. യുഎഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനായാണ് ഐ ഫോണുകള്‍ സ്വപ്ന വാങ്ങിയത്. ഈ അതിഥികളില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്നയ്ക്ക് നല്‍കിയ ഫോണുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇതിന് മറുപടിയായാണ് നിലവില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നിരിക്കുന്നത്.