KeralaNewsPolitics

നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്, വിഴിഞ്ഞത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണ്. ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

എംവി രാഘവനാണ് 1992 ൽ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്പനിയാണ്. കേന്ദ്രസർക്കാർ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചു. അവസാനമാണ് അദാനിയുമായി കരാർ ഒപ്പിട്ടത്.  ആ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഭിനന്ദിക്കണം. എന്നാൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ എൽഡിഎഫ് പങ്കെടുത്തില്ല. പദ്ധതിയെ എതിർത്ത് അന്ന് വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിറക്കി. 

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ ജുഡീഷ്യൽ അന്വേഷണം വെച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ജുഡീഷ്യൽ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റുണ്ട്. ആ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കെ കരുണാകരൻ കൊച്ചിയിൽ വിമാനത്താവളം കൊണ്ടുവന്നപ്പോൾ എന്റെ മൃതദേഹത്തിന് മുകളിൽ എന്ന് പറഞ്ഞ് എതിർത്തത് സിപിഎംകാരായിരുന്നു, എസ് ശർമ്മയായിരുന്നു. അദ്ദേഹം തന്നെ പിന്നീട് ആ കമ്പനിയുടെ ചെയർമാനായി. നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. 

വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഏഴ് വർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരൻ വിജയൻ തീവ്രവാദി ആണോ? മന്ത്രി അബ്ദു റഹ്മാൻ തികഞ്ഞ മതേതര വാദിയാണ്. അക്രമത്തോട് യോജിപ്പില്ല. അക്രമം ആര് നടത്തിയാലും യോജിപ്പില്ല. എന്നാൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker