രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക്? അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്ന് എ വിജയരാഘൻ പറഞ്ഞു.യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിന് പിന്നാലെ ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചിരുന്നു. കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ബാക്കിയിരിക്കെ ആയിരുന്നു രാജി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയാണ്.
നേരത്തെ എൽജെഡി യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ രാജ്യസഭാ സീറ്റ് രാജിവെച്ചായിരുന്നു വന്നത്. അത് പോലെതന്നെ ആയിരുന്നു ജോസ് കെ മാണിയും എൽഡിഎഫിലെത്തിയത്. രാജിവെച്ച ഒഴിവു മൂലം ഉണ്ടാകുന്ന രാജ്യസഭാ സീറ്റ് അവർക്ക് തന്നെ നൽകുന്ന കീഴ്വഴക്കം എൽജെഡിയോട് സ്വീകരിച്ചിരുന്നു. അതേ മാനദണ്ഡം ജോസ് കെ മാണിയ്ക്കും ബാധകമായിരിക്കുമെന്നാണ് വിവരം.
നവംബർ 29നാണ് ഉപതിരഞ്ഞെടുപ്പ്. നടക്കുക.തിരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പും നടക്കും. നവംബർ 16നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും.