മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ. ഇതിനുള്ള സമയമായെന്നും കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി അണകെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ പുതിയ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്. കേന്ദ്ര ജല കമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതം ആണ് പുതിയ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്.
2010 – 2012 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളും, വിദഗ്ദ്ധരും ചേർന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയിൽ അണകെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകൾ ഒന്നും നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കുമ്പോൾ നടത്തിയ പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. ഈ പരിശോധനകളിൽ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
അണകെട്ട് ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി കേരളം നൽകുന്നില്ലെന്നും തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.