ആ വാര്‍ത്ത വെറും കെട്ടുകഥ; രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ല
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ഐഎഎസ്, ഐപിഎസ്, എഎഫ്എസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിതകാലങ്ങളില്‍ വിശദമായി പരിശാധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക മാത്രമാണ് നടന്നിരിക്കുന്നതുമായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സംസ്ഥാന സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടും ശുപാര്‍ശയും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയക്കേണ്ടത്. ഇതില്‍ തീരുമാനം എടുക്കേണ്ടതാകാട്ടെ രാഷ്ട്രപതിയും. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് സൂചന. അതേസമയം സര്‍ക്കാരിനെതിരെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും പരസ്യമായി ആരോപണം ഉന്നയിച്ച രാജുനാരായണ സ്വാമിക്കെതിരെ അച്ചടക്കനടപടി ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.