തമ്മിലടിയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്; അന്വേഷണം വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും കോന്നിയിലും തിരിച്ചടി നേരിട്ടതോടെ യു.ഡി.എഫില്‍ പൊട്ടിത്തെറി. യുഡിഎഫിലെ തമ്മിലടിയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ചില നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. എത്ര ഉന്നതരായാലും അന്വേഷിച്ച് നടപടി എടുക്കണം. അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കോന്നിയില്‍ കാലുവാരല്‍ ഉണ്ടായതായി ഡിസിസി പ്രസിഡന്റ് പരസ്യപ്രതികരണം നടത്തിയതും യുഡിഎഫിലെ വരും ദിവസങ്ങളിലെ പൊട്ടിത്തെറിക്ക് സൂചനയാണ്. വട്ടിയൂര്‍ക്കാവില്‍ മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സാധിച്ചതും ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് ഇടത് മുന്നേറ്റത്തിനു കാരണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാറും പ്രതികരിച്ചിരുന്നു. യുഡിഎഫിന് സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രവര്‍ത്തനങ്ങളിലും ഇടതിനൊപ്പം എത്താനായില്ലെന്നും മോഹന്‍ കുമാര്‍ പറഞ്ഞു.