തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ. ‘പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാന സാധിച്ചത് സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ അൽപ്പസമയത്തിനകം തന്നെ ഫേസ്ബുക്കിൽ നിന്നും എക്സ് പ്ലാറ്റ് ഫോമിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോട് തോറ്റിരുന്നു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെ വന്ന പ്രഖ്യാപനം ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.