മൂന്നാല്‍: രാജമലയിലെ പെട്ടിമുടിയില്‍ കെട്ടിടത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ഉള്ള തെരച്ചില്‍ പുനരാരംഭിച്ചു. 50ല്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ കൂടുതല്‍ സംഘങ്ങള്‍ എത്തുന്നതോടെ വിപുലമായ തെരച്ചില്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിച്ചേരാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് തെരച്ചില്‍ താത്കാലികമായി ഇന്നലെ നിര്‍ത്തിവച്ചിരുന്നു. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു.
രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം, വാര്‍ത്താവിനിമയ ബന്ധം എല്ലാം തടസപ്പെട്ടു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയാന്‍ വൈകുന്ന സാഹചര്യം ഉണ്ടായി. ഇവിടേക്കുള്ള വഴിയിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകുന്നതിന് ഇടയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സബ് കളക്ടറുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാനായിരുന്നു ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.