ദുരിതം വിതച്ച് കേരളത്തില്‍ കനത്ത മഴ; മരണസംഖ്യ ഉയരുന്നു, ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ജനങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത്തതോടെ ഏതാണ്ട് പ്രളയസമാനമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ തകര്‍ത്ത് പെയ്യുന്നത്. മലപ്പുറം എടവണ്ണ ഒതായില്‍ വീട് ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആര്‍പ്പൂക്കര വയലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. മാക്കൂര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് സഖാഫി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
വയനാട്ടില്‍ ഉരുള്‍ പൊട്ടല്‍ രൂക്ഷമാണ്. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്റ്റേറ്റ് കാന്റീനും തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തയും ബാധിച്ചിട്ടുണ്ട്.
വടകര വിലങ്ങാട് ഉരുള്‍ പൊട്ടി നാലുപേരെ കാണാതായി. മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കോട്ടയം ഈരാറ്റുപേട്ടയിലും ഉരുള്‍ പൊട്ടലുണ്ടായി. പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടി ഒറ്റപ്പെട്ട നിലയിലാണ്. മിക്ക നദികളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഭവാനി, ശിരുവാണി, മണിമലയാര്‍, പമ്പ തുടങ്ങിയവ കരകവിഞ്ഞു. നദീ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപകടസ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 110 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. പാലായും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം-കുമളി റോഡില്‍ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിനെയും ഉരുല്‍ പൊട്ടലിനെയും തുടര്‍ന്ന് സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതവും താറുമാറായിരിക്കുകയാണ്. വൈദ്യുതി ബന്ധവും മിക്കയിടങ്ങളിലും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്.