തിരുവനന്തപുരം: ജനപ്രിയ കേരളീയ ഭക്ഷണമായ പുട്ടും അപ്പവും പഴംപൊരിയും കടലക്കറിയുമൊക്കെ ഇന്ത്യന്‍ റെയില്‍വേ മെനുവില്‍ നിന്നും പുറത്തായി. പകരം ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളില്‍ വില്‍ക്കും. മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവയും മെനുവില്‍ നിന്നും പുറത്തായി. കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. സ്നാക്ക് മീല്‍ വിഭാഗത്തില്‍ മസാല ദോശയും തൈര്, സാമ്പാര്‍ സാദവുമൊക്കെയാണുളളത്
രാജ്മ ചാവല്‍, ചോള ബട്ടൂര, പാവ് ബജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങള്‍. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണ നിരക്ക് ഈയടുത്താണ് വര്‍ദ്ധിപ്പിച്ചത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപ നല്‍കണം.
രണ്ട് വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു രണ്ട് എണ്ണത്തിന് 20 രൂപ. രണ്ട് ഇഡ്ഡലിക്കൊപ്പം രണ്ട് ഉഴുന്നുവട വാങ്ങിയിരിക്കണം. ഒരു ഇഡ്ഡലി കൂടി കഴിക്കണമെന്ന് തോന്നിയാലും ഇതേ പോലെയായിരിക്കും കിട്ടുക. 35 രൂപയും നല്‍കണം. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് മെനു പരിഷ്കരിച്ചിരിക്കുന്നത്.