25.2 C
Kottayam
Thursday, May 16, 2024

National Herald Case: രാഹുൽ ഇഡിക്ക് മുന്നിലെത്തും; ‘രാഷ്ട്രീയ വേട്ടയാടലിൽ’ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

Must read

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്പിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി മുൻ അധ്യക്ഷനൊപ്പം കോൺഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്.

എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ റാലിക്ക് റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതിനാൽ തന്നെ വിലക്ക് ലംഘിച്ച് രാഹുലിനൊപ്പം കോൺഗ്രസ് നേതൃത്വം ഇ ഡി ഓഫിസിലെക്ക് മാർച്ച് ചെയ്യുമോ എന്നത് രാവിലെ അറിയാം. രാഹുൽ ഗാന്ധി ഹാജരാകുന്ന സമയം രാജ്യത്തെ മുഴുവന്‍ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പി സി സികളുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ ഇ ഡി ഈ മാസം 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എ ജെ എൽ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി  തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേ സമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇ ഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേർത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഈ നീക്കത്തിനുള്ള സൂചനയാണെന്ന വിലയിരുത്തലുകളുമുണ്ട്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എ ഐ സി സി ആഹ്വാനമനുസരിച്ച് എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുകളിലേക്ക് സംസ്ഥാന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും. എറണാകുളം ഇ ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോഴിക്കോട് ഇ ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും കെപിസിസി, ഡിസിസി നേതാക്കളും എറണാകുളത്തും പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ നേതാക്കള്‍ കോഴിക്കോടും എന്‍ഫോഴ്സ്മെന്‍ ഡയറക്ടറേറ്റുകളിലേക്കുള്ള മാര്‍ച്ചുകളില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ മാതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഇഡി ഓഫീസ് മാര്‍ച്ചുകള്‍ വിജയിപ്പിക്കണമെന്നും കെ സുധാകരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week