ബെംഗളൂരു: കെ.എല്‍ രാഹുല്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച കാന്‍ഡിയില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തിലും നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും രാഹുല്‍ കളിക്കില്ല. രാഹുലിന് ചെറിയ പരിക്കുണ്ടെന്നാണ് ദ്രാവിഡ് നല്‍കുന്ന വിവരം.
അതേസമയം ഈ പരിക്ക് താരത്തിന് നേരത്തേ ഐപിഎല്ലിനിടെ സംഭവിച്ച തുടയിലെ പരിക്കുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടയിലേറ്റ പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം രാഹുല്‍ ടീമിന് പുറത്തായിരുന്നു.
രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) തന്നെ തുടരുമെന്നും ടൂര്‍ണമെന്റിലെ താരത്തിന്റെ ഭാവിയെ കുറിച്ച് സെപ്റ്റംബര്‍ നാലിന് തീരുമാനിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. രാഹുലിന്റെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഏഷ്യാ കപ്പിനുള്ള ടീമില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത്. റിസര്‍വ് താരമായാണ് സഞ്ജുവിനെ പരിഗണിച്ചത്.