NationalNews

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ, ഒപ്പം ചേർന്ന് രാഹുലും പിണറായിയും

ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്‍റെ ശബ്ദമുയരുന്നുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതാക്കളുടെ പ്രസംഗം.

ഇന്ത്യയുടെ വിഭിന്ന സംസ്കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുവെന്ന് പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്‍റെ മക്കളാണ്. ആ ബന്ധം കൂടുതൽ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയിൽ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിദ്ധ്യം നിലനിർത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ഇടതു പാർട്ടികളും മതേതര ജനാധിപത്യ പാർട്ടികളും കൈകോർക്കണം. എല്ലാവർക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യശബ്ദം ഉയർത്തിയായിരുന്നു ചെന്നൈയിലെ സ്റ്റാലിന്റെ പുസ്തകപ്രകാശന ചടങ്ങ് നടന്നത്. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയൻ, തേജസ്വി യാദവ്, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ വൈവിദ്ധ്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയെന്ന ആശയം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഒമർ അബ്ദുള്ള കുറ്റപ്പെടുത്തി. സ്വാതന്ത്ര്യവും സമത്വവും നീതിയും ഭീഷണി നേരിടുന്നുവെന്ന് തേജസ്വി യാദവും വിമർശിച്ചു. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയിൽ ശക്തിപ്രാപിക്കുന്നുവെന്ന് പിണറായി പറഞ്ഞപ്പോൾ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട നേരമെന്ന് നേതാക്കളുടെ പ്രസംഗത്തിലൂടെ വ്യക്തമായി.

കേന്ദ്രം തമിഴ്നാടിനെ അപമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. തമിഴ്നാടിന്റെ  ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ്, ജിഎസ്ടി തുടങ്ങി ഒരുപിടി വിഷയങ്ങളിൽ കേന്ദ്രം തമിഴ്നാടിനെ അപമാനിക്കുന്നു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ഒക്കെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് ഇതുതന്നെ. ജനതയെ അടിച്ചമർത്തി സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തമിഴ്‌നാടിന്റെ മണ്ണിൽ തന്റെ രക്തമുണ്ടെന്നും അന്നുമുതലാണ് താൻ തമിഴ്നാട്ടുകാരനായതെന്നും രാഹുൽഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker