തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി പിന്‍മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. കെ. മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചാണ് രാഹുല്‍ എത്തുന്നത്. നേരത്തെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുല്‍ എത്തുന്നത്.
ശനിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന രാഹുല്‍ ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചാരണ പരിപാടികളുണ്ടാകുക. ഞായറാഴ്ച അഞ്ചിന് പൂജപ്പുരയില്‍ നടക്കുന്ന പ്രചരണയോഗത്തിലാകും മുരളീധരനായി രാഹുല്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണത്തില്‍നിന്നു പിന്‍മാറിയത്.
ഇന്ന് രാഹുല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഇരിട്ടിയില്‍ എത്തുന്ന അദ്ദേഹം തുടര്‍ന്ന് ആലക്കോട് കണ്ണൂര്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. അഴീക്കോട് മണ്ഡലത്തില്‍ റോഡ് ഷോയും നടത്തും. ശനിയാഴ്ച കോഴിക്കോട് ജില്ലയിലെ പുറമേരിയില്‍ നിന്ന് ഹെലികോപ്റ്റര്‍ ഇരിട്ടി എംജി കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് 2.30 ന് ഇറങ്ങും. തുടര്‍ന്ന് പയഞ്ചേരി മുക്കില്‍ നിന്ന് ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് വരെ റോഡ് ഷോ. തുടര്‍ന്ന് സമ്മേളനം.
അവിടെനിന്നും 3. 45ന് ഹെലികോപ്റ്ററില്‍ ആലക്കോട്ടേക്ക്. 4.05ന് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ ശേഷം പൊതു സമ്മേളന സ്ഥലമായ ആ അരങ്ങം ക്ഷേത്രമൈതാനിയില്‍ എത്തും. 4.10ന് പൊതുയോഗം. അഞ്ചിന് ആലക്കോട് നിന്ന് ഹെലികോപ്റ്ററില്‍ കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍. 5.20ന് എത്തുന്ന അദ്ദേഹം അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം ഹൈവേ ജംഗ്ഷന്‍ മുതല്‍ മണ്ഡപം വരെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ അഴീക്കല്‍ മാപ്പിള ഹാര്‍ബറില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. 6.45 മടങ്ങും. മട്ടന്നൂര്‍ ഗ്രീന്‍ പ്ലാനറ്റ് ഹോട്ടലിലാണ് താമസം.
അതേസമയം ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. രാഷ്ട്രീയപമായ വിയോജിപ്പുകള്‍ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്‍മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങള്‍ക്ക് അപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു.