യുവാക്കളുടെ വിവാഹസത്കാര ആഘോഷം അതിര് കടന്നു; ഗര്‍ഭിണിയ്ക്കും വയോധികയ്ക്കും പരിക്ക്
രാമനാട്ടുകര: വിവാഹ സത്കാരത്തിനെത്തിയ യുവാക്കളുടെ ആഘോഷങ്ങള്‍ അതിരുകടന്നു, ഉന്തിലും തള്ളിലുംപെട്ട് വയോധികയ്ക്കും ഗര്‍ഭിണിയായ മരുകള്‍ക്കും പരിക്കേറ്റു. യുവാക്കളുടെ കല്യാണ റാഗിംഗ് അതിരുകടന്നതോടെയാണ് വൈദ്യരങ്ങാടി കൊല്ലേരിത്തൊടി ഹൗസില്‍ തണ്ണികുളങ്ങര ആയിശക്കുട്ടി (60), മകന്റെ ഭാര്യ തസ്ലീന (25) എന്നിവര്‍ക്ക് പരിക്കേറ്റത്.
ആയിശക്കുട്ടിയുടെ പേരമകന്‍ ഫര്‍സീനിന്റെ വിവാഹത്തിനെത്തിയ ഇരുപതിലധികം വരുന്ന യുവാക്കളാണ് കല്യാണ വീട്ടില്‍ അഴിഞ്ഞാടിയത്. അരമണക്കൂറിലധികം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പടക്കം പൊട്ടിച്ചും മറ്റും ഇവര്‍ വീട്ടില്‍ അഴിഞ്ഞാടുകയായിരിന്നഒ. അതിനാല്‍ തന്നെ പോലീസെത്തുന്നതു വരെ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പോലീസെത്തി യുവാക്കളെ വിരട്ടിയോടിക്കുകയായിരിന്നു.
പെരുമുഖത്തെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. ഇവിടെനിന്ന് വധുവിനെയുംകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങള്‍ അതിര് കടന്നത്. യുവാക്കളുടെ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ആയിശക്കുട്ടിയും ഗര്‍ഭിണിയായ മരുമകള്‍ തസ്ലീനയും താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ചുങ്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫറോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.