സാജനെ പോലെ ഞാനും ആത്മഹത്യ ചെയ്യണോ? മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും കെട്ടിടത്തിന് അനുമതി ലഭിക്കാതെ ഭിന്നശേഷിക്കാരനായ വ്യവസായി
നാദാപുരം: കണ്ണൂരിലെ ആന്തൂരില്‍ നഗരസഭാ അധികൃതര്‍ സ്ഥാപനത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുപോലെ താനും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യവുമായി ഭിന്നശേഷിക്കാരനായ വ്യവസായി. നാദാപുരം കുനിങ്ങാട് സ്വദേശി എം.റഫീഖാണ് തന്റെ പുതിയ സ്ഥാപനത്തിന് തടയിട്ടിരിക്കുന്ന അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നാദാപുരത്തെ പയന്തോങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൈക്കിള്‍ ഡീലര്‍ഷിപ്പ് സമ്പാദിക്കുകയും കമ്പനിയും ഗ്രാമ പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡുമെല്ലാം നിര്‍ദ്ദേശിച്ച വിധം കെട്ടിടം നിര്‍മിക്കുകയും ചെയ്തു. രണ്ടര വര്‍ഷമായി പ്രവര്‍ത്തന അനുമതി ലഭിക്കാതെ കാത്തിരിപ്പു തുടരുകയാണ് ഗ്രെയ്സ് മോട്ടോഴ്സ് ഉടമയായ റഫീഖ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിവധ കാരണങ്ങള്‍ പറഞ്ഞ് കെട്ടിടത്തിന് അനുമതി നല്‍കാത്തതാണ് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് ഒരു സിപിഎം നേതാവ് നടത്തിയ ഇടപെടലാണ് തനിക്ക് സ്ഥാപനം തുറക്കാന്‍ പറ്റാത്തതെന്ന് റഫീഖ് പറയുന്നു. ഇതെല്ലാം കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റഫീഖ്.
പരിസര മലിനീകരണം ഉണ്ടാകുമെന്നു പറഞ്ഞാണ് ആദ്യം ചിലര്‍ പയന്തോങ്ങിലെ സ്ഥാപനത്തിനെതിരെ രംഗത്തു വന്നത്. സമീപത്തെല്ലാം ഒട്ടേറെ മോട്ടര്‍ വര്‍ക്ക് ഷോപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം ഉള്ളതിനേക്കാള്‍ വിപുലമായ സംവിധാനങ്ങളാണ് ഗ്രെയ്സ് മോട്ടോഴ്സില്‍ സജ്ജമാക്കിയിരിക്കുന്നത്. സീറോ വേസ്റ്റ് പദ്ധതിയും വാഹനങ്ങള്‍ കഴുകുന്ന വെള്ളം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമെല്ലാം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ബാങ്ക് വായ്പ അടക്കം എടുത്ത് നിര്‍മ്മിച്ച ഈ സ്ഥാപനം വെറുതെ കിടക്കുകയാണെന്നും റഫീഖും ബന്ധുവായ പ്രവാസി കെ.വി.ബഷീറും പറയുന്നു.
പോളിയോ ബാധിച്ച് റഫീഖിന്റെ ഇരുകാലുകളുടെയും ചലന ശേഷി നഷ്ടപ്പെട്ടതാണ്. ചികിത്സകള്‍ കൊണ്ടൊന്നും പ്രയോജനമില്ലാതായതോടെ കല്ലാച്ചിയില്‍ ടെലിഫോണ്‍ എസ്ടിഡി ബൂത്ത് തുടങ്ങിക്കൊണ്ട് റഫീഖ് സ്വയം തൊഴില്‍ കണ്ടെത്തി. ബൂത്തിലെത്താന്‍ മുച്ചക്ര വണ്ടിയെ ആശ്രയിച്ച റഫീഖ് ക്രമേണ ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും തുടങ്ങി. നാദാപുരത്തെ എആര്‍ മോട്ടോഴ്സ്, കല്ലാച്ചിയിലെ എആര്‍ ബജാജ് തുടങ്ങിയ സ്ഥാപനങ്ങള്‍ റഫീഖിന്റെ സ്വപ്രയത്നത്തിലുണ്ടായതാണ്.