ചിലര്‍ അങ്ങനെയാണ്, എന്തിനും തെറ്റുകാണുന്നവര്‍; ‘കസേര’ വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന
കൊച്ചി:താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായി നടിയും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രചന നാരായണൻകുട്ടി. ചിത്രത്തില്‍ പുരുഷ താരങ്ങൾ വേദിയിൽ കസേരയിൽ ഇരിക്കുകയും എക്സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ചാനലിനു നല്‍കിയ അഭിമുിഖത്തില്‍ ഇതിനെ പരോക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി രംഗത്തെത്തിയത്.
ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു . ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്ക് സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുൻപ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്നായിരുന്നു പാര്‍വതിയുടെ വാക്കുകള്‍. ഇതോടെയാണ് രചന ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന കുറിക്കുന്നു. ഒരു എക്സിക്യൂട്ടീവ് മീറ്റിംഗിനിന് ശേഷം പകർത്തിയ ചിത്രം പങ്കുവച്ചാണ് രചനയുടെ കുറിപ്പ്. ചിത്രത്തിൽ ഹണി റോസും രചനയും മാത്രം ഇരിക്കുകയും ബാക്കി അംഗങ്ങളെല്ലാം നിൽക്കുകയുമാണ്.
കുറിപ്പിന്റെ പൂർണരൂപം………………….
ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സ്നേഹം
രചന നാരായണൻകുട്ടി