‘ഹണി റോസ് സമര്‍ത്ഥ,നടിക്ക് കൊടുത്ത കാശിനേക്കാള്‍ നൂറിരട്ടി ഗുണം ലഭിച്ചിട്ടുണ്ടാകും; ശ്രീലേഖ പറയുന്നു
കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ – ഹണി റോസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഈ വിഷയത്തില്‍ ഹണി റോസിനൊപ്പമാണ് എന്ന് ശ്രീലേഖ വ്യക്തമാക്കി. എല്ലാവര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് ശ്രീലഖേ പറഞ്ഞു. സസ്‌നേഹം ശ്രീലേഖ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവരുടെ പ്രതികരണം. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
‘ഹണി റോസ് എന്ന നടി വളരെ നല്ല വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം വളരെ സമര്‍ത്ഥയായിട്ടുള്ള ഒരു നായികനടിയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കുറച്ച് സിനിമകളിലെ കണ്ടിട്ടുള്ളൂ. കണ്ടിടത്തോളം വളരെ നന്നായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. കാണാന്‍ നല്ല സുന്ദരി, നല്ല ശരീരവടിവ്. കാണാന്‍ വളരെ സ്മാര്‍ട്ടാണ്. വലിയ വലിയ വാണിജ്യ സ്ഥാപനങ്ങള്‍ ഹണി റോസിനെ ഉദ്ഘാടനത്തിനായി വിളിക്കുന്നത് എന്തുകൊണ്ടാണ്.
ഇതുപോലെയുള്ള വലിയ പ്രശസ്തരായ സെലിബ്രിറ്റികളേയും രാഷ്ട്രീയക്കാരേയും ഉദ്ഘാടനം ചെയ്യാനായി വിളിക്കുന്നത് ആളുകളെ കൂട്ടാന്‍ വേണ്ടിയിട്ടാണ്. ഇങ്ങനെ ഒരു വ്യക്തി വന്ന് ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞാല്‍ മാധ്യമങ്ങളിലൂടെ വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. ആളുകള്‍ ഒരുപാട് കൂടി അവരെല്ലാം ഈ കടയില്‍ വന്ന് സ്വര്‍ണം വാങ്ങിക്കും. ഒരു ഫ്രീ പരസ്യമാണ് ലഭിക്കുന്നത്.
ഈ നടിക്ക് കൊടുക്കുന്ന തുകയേക്കാളും എത്രയോ ഇരട്ടിയാണ് ആ സ്ഥാപനത്തിന് ഗുണം ചെയ്യുക. അതിന് വേണ്ടിയാണ് ഇതുപോലെയുള്ള നടീനടന്‍മാരെ കൊണ്ടുവരുന്നത്. ഹണി റോസ് അവിടെ വരുമ്പോള്‍ ഇഷ്ടമുള്ള വേഷം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ കുട്ടി എന്ത് ധരിച്ചാലും നല്ല ഭംഗിയാണ് കാണാന്‍. തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. ആ കുട്ടി ചെയ്തിരിക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
പക്ഷെ ആ കുട്ടിയെ ചിലര്‍ ട്രീറ്റ് ചെയ്യുന്ന രീതി വളരെ മോശമാണ്. നമ്മളെ ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍, എന്നെ തന്നെ ചിലര്‍ ദുബായിലൊക്കെ ചെലവുകളെല്ലാം തന്ന് പരിപാടിക്ക് വിളിക്കാറുണ്ട്. നമ്മളെ അവിടെ കൊണ്ടുപോകുന്ന ആള്‍ക്കാര്‍ പറയും ഈ പരിപാടി മാത്രം പോര, ഈ സ്‌കൂളിലേക്ക് കൂടി പോകണം എന്നൊക്കെ. അങ്ങനെ പറയുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റില്ല.
കാരണം അവരുടെ ചെലവിലാണ് ഞാന്‍ അവിടെ ചെന്നിരിക്കുന്നത്. അവര്‍ ടിക്കറ്റും വിസയുമെടുത്ത് താമസവും തന്നിരിക്കുന്ന വ്യക്തിയാകുമ്പോള്‍ അവര്‍ പറയുന്ന സ്ഥലങ്ങളില്‍ നമ്മള്‍ പോകേണ്ടി വരും. അതുപോലെയാണ് ഈ കുട്ടിയും ചെയ്തത്. ഈ കുട്ടിയോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു, അല്ലെങ്കില്‍ ആഭരണമിട്ട് പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞു അതൊക്കെ ചെയ്തു.
അതൊന്നും റെസിസ്റ്റ് ചെയ്യാനായിട്ട് പറ്റില്ല ആ സമയത്ത്. പക്ഷെ ഈ കുട്ടിയെ ആവശ്യമില്ലാതെ അപമാനിച്ച് നിരന്തരം സ്റ്റോക്ക് ചെയ്ത് പിറകെ നടന്ന് പറഞ്ഞ് അതുമുഴുവന്‍ വാര്‍ത്തയാക്കി ആസ്വദിച്ച് അതിന് ഇന്റര്‍വ്യൂ കൊടുത്തു,’ ശ്രീലേഖ പറയുന്നു.