‘റോക്കട്രി’ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ, കാനിന് പിന്നാലെ അതുല്യ നേട്ടം
ന്യൂയോർക്ക്: വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ (Nambi Narayanan) ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ (Rocketry: The Nambi Effect) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഏപ്രില്‍ 1നാണ് റിലീസ്. ഈ അവസരത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആർ മാധവൻ ഡോ. നമ്പി നാരായണനൊപ്പം യുഎസിൽ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തിൽ ആയിരുന്നു. ആ സമയത്താണ് ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3ന് നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്. കൂടാതെ ഇപ്പോൾ അമേരിക്കയിൽ ന്യൂ യോർക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ൽ ആർ.മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിൽ ചിത്രത്തിന്റെ ട്രെയിലറും പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണിത്.
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപെടുമ്പോൾ, റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപെടുമ്പോൾ അതിൽ അഭിമാന നേട്ടം മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ്. വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.
‘റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് ‘ നിർമാതാവ് വർഗീസ് മൂലൻ പറയുന്നു. ചിത്രത്തിന്റെ ട്രെയിലർ 2021 ഏപ്രിലിൽ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018ലാണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ ‘ഓട് രാജാ ഓട്’എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.
R Madhavan’s 'Rocketry: The Nambi Effect' takes over Times Square in New York; See Pics❤️❤️❤️🙏🙏🙏🚀🚀thank you so very much . 🚀🇮🇳🇮🇳 https://t.co/I50yiYgkN7
— Ranganathan Madhavan (@ActorMadhavan) June 12, 2022
ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രാനാണ് നായിക. ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.
മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.