KeralaNews

തിരുവനന്തപുരത്ത് ക്വാറന്റൈന്‍ കടുപ്പിച്ചു; ലക്ഷണമുള്ളവരെ പോസീറ്റീവ് ആയി കണക്കാക്കും

തിരുവനന്തപുരം: ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവര്‍ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. എന്തെങ്കിലും കൊവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ പോസിറ്റീവാകുന്ന സാഹചര്യമെന്നും ജില്ലയില്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഈ നടപടികള്‍. രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയാല്‍ പരിശോധന കൂടാതെ ഹോം ഐസൊലേഷന്‍ അടക്കമുള്ളവ ഏര്‍പ്പെടുത്തുന്നതാണ് സിന്‍ഡ്രോമിക് മാനേജ്‌മെന്റ്. ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതിയിലാണ് സിന്‍ഡ്രോമിക് മാനേജ്‌മെന്റ് നിര്‍ദേശിക്കുന്നത്.

ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പരിശോധന നടത്തുകയും കൃത്യ സമയങ്ങളില്‍ ചികിത്സ തേടുകയും ചെയ്യണം. കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്കു പരിശോധനകളിലും ചികിത്സയിലും മുന്‍ഗണന നല്‍കും. ഇതിനായി താഴേത്തട്ടില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കാനും ഫീല്‍ഡ് ആശുപത്രികള്‍ ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റ​ഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ.

കാറ്റഗറി – എ- യിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികൾ,വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് ഇവിടെ അനുവാദമുണ്ട്. കാസർഗോഡ്,കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

സംസ്ഥാനത്ത് ഉയർന്നടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.47.72 ശതമാനമാണ് ഇന്നലത്തെ ടിപിആർ. അതിനിടെ സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് സൂചന നൽകി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റാന്റം പരിശോധനയിൽ 90 ശതമാനവും ഒമിക്രോൺ കേസുകളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button