ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്. പന്ത് പുറത്ത് പോയ ശേഷം വീണ്ടും എടുത്തായിരുന്നു ഖത്തര്‍ ഗോളടിച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തിന് കാരണമായിരുന്നു. ഗോളിനെ ന്യായീകരിക്കാന്‍ ആവില്ലെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ പ്രസ്താവനയില്‍ അറിയിച്ചു.
പന്ത് ഔട്ടായതിന് തെളിവുണ്ടായിട്ടും ദക്ഷിണ കൊറിയന്‍ റഫറി കിം വൂ-സങ് ഗോള്‍ അനുവദിക്കുയായിരുന്നു. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. തോറ്റതോടെ യോഗ്യതയില്‍ മൂന്നാം റൗണ്ട് കാണാതെ ഇന്ത്യ പുറത്തായിരന്നു. 2-1ന് തോറ്റതോടെയാണ് ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചത്. ഖത്തറിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ വിവാദ ഗോളിന്റെ അകമ്പടിയോടെ ഖത്തര്‍ ജയിച്ചുകയറി. 37-ാം മിനിറ്റില്‍ ലാലിയന്‍സ്വാല ചങ്തെയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തുന്നത്. എന്നാല്‍ 73-ാം മിനിറ്റില്‍ യൂസഫ് എയ്മന്‍, 85-ാം മിനിറ്റില്‍ അഹമ്മദ് അല്‍ റാവി എന്നിവര്‍ നേടിയ ഗോളിന് ഖത്തര്‍ വിജയിച്ചു.
ആദ്യപാതിയില്‍ മത്സരം ഇന്ത്യയുടെ കാലുകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ ലീഡ് നേടാനുള്ള നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ഇന്ത്യയെ അകറ്റിനിര്‍ത്തി. ഗോളിന് ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. എന്നാല്‍ രണ്ടാം പാതിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ ചെയ്തത്.
ഇതോടെ ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അവരുടെ സമനില ഗോളുമെത്തി. ഔട്ട് ലൈന്‍ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും കോര്‍ട്ടിലേക്ക് എടുത്താണ് ഖത്തര്‍ ഗോള്‍ നേടിയത്. എയ്മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചു. എങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന് വാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല.