കൊച്ചി:നടി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിന് പുറത്തേക്ക്. ഏഴ് വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.
സുനി ജയിലിന് പുറത്തെത്തുന്നതോടെ മാധ്യമങ്ങളോട് സംസാരിക്കുമോയെന്നതായിരുന്നു പ്രധാനമായും ഉറ്റുനോക്കപ്പെട്ടത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദ്ദേശമുണ്ട്. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥ.
കേസിന്റെ വിചാരണ അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടി നിർദ്ദേശിച്ചിരുന്നു. അതേസമയം രൂക്ഷമായ ഭാഷയിലാണ് വിചാരണ വൈകുന്നതിനോട് കോടതി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർ 87 ദിവസമായിരുന്നു വിസ്തരിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
നേരത്തേ മൂന്ന് തവണ ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ എത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ കേസിലെ വിചാരണ നീളുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലായി നൽകിയ ഹർജിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം സുനി പുറത്തിറങ്ങിയാൽ അടുത്തത് എന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. 2017 ലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അറസ്റ്റിലാകുന്നത്. കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുനി റിമാന്റിൽ കഴിയുന്നതിനിടെയാണ് നടൻ ദിലീപിന്റെ പേര് കേസിൽ ചർച്ചയാകുന്നത്.
നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയതാണെന്ന് കാണിച്ചുള്ള പൾസർ സുനിയുടെ കത്ത് പുറത്തുവരികയായിരുന്നു. ഇതിന് പിന്നാലെ തന്നെ ദിലീപിനേയും പോലീസ് അറസ്റ്റ് ചെയ്തു. 87 ദിവസം ജയിലിൽ കിടന്ന ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ 2 മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് പിന്നീട് പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചിരുന്നു.
കേസിൽ വിചാരണ നിലവിൽ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇനി പ്രതികളുടെ ഭാഗമാണ് കേൾക്കാനുള്ളതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സുനി പുറത്തിറങ്ങുന്നത് കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമോയെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.