തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.
ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാന്‍ കഴിയൂ.
ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. ഫോണ്‍ നമ്പര്‍, ഒ.ടി.പി, വ്യക്തിവിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കുന്നയാള്‍ക്ക് തുടര്‍നടപടികള്‍ അറിയാന്‍ ഒരു സവിശേഷ ഐ.ഡി ലഭിക്കും. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധ്യമല്ല.
പരാതി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാല്‍ അത് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂനിറ്റില്‍ ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയുണ്ടാവും. ഫീല്‍ഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് നേരിട്ട് സ്ഥലത്ത് എത്താന്‍ കഴിയും. ഫീല്‍ഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടര്‍തീരുമാനത്തിനും തീര്‍പ്പിനുമായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്പ് വഴി റിപ്പോര്‍ട്ട് നല്‍കും. ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാതെവന്നാല്‍ വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയയ്ക്കും. 100 മിനിറ്റിനകം പരാതി നല്‍കിയയാള്‍ക്ക് വിവരം നല്‍കുകുയും ചെയ്യും.
സി-വിജിലില്‍ ഫോട്ടോ/വീഡിയോ എടുത്ത ശേഷം അപ്ലോഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ/വീഡിയോ ആപ്പില്‍ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോണ്‍ ഗാലറിയില്‍ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല.തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്.