ടീമിലെ സ്ഥാനത്തിന് ഭീഷണി; സഹതാരത്തെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പിഎസ്ജി താരം അറസ്റ്റില്‍
പാരിസ്:ഫുട്ബോളിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വാർത്തയാണ് ബുധനാഴ്ച്ച ആരാധകർ കേട്ടത്. ടീമിൽ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി സഹതാരത്തെ ആക്രമിക്കാൻ പിഎസ്ജി വനിതാ താരം അമിനാറ്റ ഡിയാല ക്വട്ടേഷൻ നൽകി. കെയിറ ഹമറോയി എന്ന താരത്തെ ആക്രമിക്കാനാണ് അമിനാറ്റ ക്വട്ടേഷൻ ടീമിനൊപ്പം പദ്ധതിയിട്ടത്.
ഡിയാലയുടെ നിർദേശ പ്രകാരം മുഖംമൂടി അണിഞ്ഞ അക്രമികൾ കെയിറ ഹമറോയിയെ കാറിൽ നിന്ന് പിടിച്ചിറക്കി കാലിന് പരിക്കേൽപ്പിച്ചു. കാലിന് ഇടിച്ചാണ് പരിക്കേൽപ്പിച്ചത്. എന്നാൽ ആക്രമത്തിന് പിന്നിൽ ഡിയാലയാണെന്ന് തെളിഞ്ഞതോടെ താരത്തെ ബുധനാഴ്ച്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.
താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കി. പോലീസിന്റെ തുടർ നടപടികൾ നിരീക്ഷിച്ചുവരികയാണെന്നും അതിനുശേഷം ഡിയാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പിഎസ്ജി ക്ലബ്ബ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ മധ്യനിര താരമായ ഡിയാല കളിച്ചിരുന്നു. അതേസമയം, കെയ്റ ടീമിൽ പോലും ഇടംനേടിയിരുന്നില്ല.