26 C
Kottayam
Friday, May 17, 2024

ഷെയ്ന്‍ നിഗം വിവാദത്തില്‍ നിര്‍മാതാക്കളും അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയം

Must read

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളും താരസംഘടനയായ അമ്മയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകള്‍ക്ക് ഷെയ്ന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ ആവശ്യം അമ്മ തള്ളിയതോടെയാണ് ചര്‍ച്ച അലസിയത്. ചര്‍ച്ചകള്‍ തുടരുമെന്ന് ഇടവേള ബാബുവും ബാബുരാജും അറിയിച്ചു. അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് ഷെയ്ന്‍ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി നല്‍കിയിരുന്നു. അതിന് ശേഷം നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും ധരിച്ചത്.
എന്നാല്‍ നഷ്ടപരിഹാരം വേണമെന്ന് നിര്‍മാതാക്കള്‍ വാശിപിടിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

മുന്‍കാലങ്ങളില്‍ എത്രയോ സിനിമകള്‍ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണ്ടെന്ന് അമ്മ ഭാരവാഹികള്‍ ചോദിച്ചു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്വഴക്കം കൊണ്ടുവരുന്നതിനെ അമ്മ ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തു. നിര്‍മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷമേ തീരുമാനിക്കാന്‍ കഴിയൂ എന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് നിലനില്‍ക്കുമ്പോള്‍ ഷെയ്‌നിന് പുതിയ ചിത്രത്തിനായി അഡ്വാന്‍സ് നല്‍കിയ നിര്‍മാതാക്കളുണ്ടെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. നിര്‍മാതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് അത്തരം പരാമര്‍ശങ്ങള്‍ക്കില്ലെന്ന് അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞു. ഇടവേള ബാബു, ബാബുരാജ്, ടിനിടോം എന്നിവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week