മോഡലിന് പീഡനം,ഓം ശാന്തി ഓശാനയുടെ നിര്‍മ്മാതാവ് ഒളിവില്‍
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ഒളിവില്‍. പ്രതിക്കായി എറണാകുളം സൗത്ത് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് ആല്‍വിന്‍ ആന്റണിക്കെതിരെ 20 കാരിയായ മോഡല്‍ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 4 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ജനുവരിയിലാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് 3 തവണ കൂടി താന്‍ പീഡനത്തിന് ഇരയായെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
എറണാകുളം പനമ്പള്ളി നഗറിലെ ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു സംഭവം. ആല്‍വിന്‍ തന്നെ വീണ്ടും സമീപിച്ചപ്പോഴാണ് പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പൊലീസ് എത്തിയെങ്കിലും ആല്‍വിനെ കണ്ടെത്താനായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര,അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.