BusinessNews

ഓണ്‍ലൈന്‍ സ്വകാര്യ നിമിഷങ്ങളും സുരക്ഷിതമാക്കാം; ഡിജിറ്റൽ കോണ്ടവുമായി ജർമൻ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് നാം അറിയാതെ നമ്മുടെ സ്വകാര്യത ചോര്‍ത്തപ്പെടുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ജെര്‍മനിയിലെ ഒരു ലൈംഗികാരോഗ്യ ബ്രാന്‍ഡായ ബില്‍ ബോയ്.

ഫോണില്ലാതെ നാം ഇന്ന് എവിടെയും പോകാറില്ല. എന്നാല്‍ ഈ ഫോണ്‍തന്നെ നമ്മുടെ സ്വകാര്യതയുടെ ശത്രുവായി മാറിയാലോ? നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഒക്കെ ഏതെങ്കിലും ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ടെങ്കിലോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ പാകത്തിന്, ഇന്നൊസീന്‍ ബെര്‍ലിന്‍ എന്ന പരസ്യക്കമ്പനിയുമായി ചേര്‍ന്ന് ഒരു പുതിയ ആപ്പ് പരിചയപ്പെടുത്തുകയാണ് ബില്‍ ബോയ്. ക്യാംഡോം (CAMDOM) എന്നാണ് ആപ്പിന്റെ പേര്. 'ഡിജിറ്റല്‍ കോണ്ടം ഫോര്‍ ദി ഡിജിറ്റല്‍ ജനറേഷന്‍' എന്നാണ് ആപ്പിന്റെ പരസ്യവാചകം.

അതേ, ശരിക്കും ഡിജിറ്റല്‍ തലമുറയ്ക്കായി ഒരു ഡിജിറ്റല്‍ കോണ്ടം തന്നെ. ഈ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി, നമ്മുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഹാക്കര്‍മാരില്‍നിന്നും ബ്ലോക്ക് ചെയ്യപ്പെടും. ഇത് മനസിലാക്കി അവര്‍ ഈ ആപ്പ് തകര്‍ക്കാനോ ഓഫ് ചെയ്യാനോ ശ്രമിച്ചാല്‍ ഉടന്‍ അലാറം അടിക്കും. അതായത്, നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

ബ്ലൂടൂത്ത് വഴി മുറിയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഇത് കണക്ട് ചെയ്യാനും അതുവഴി ആപ്പിന്റെ ഉപയോഗം ഈ ഡിവൈസുകളിലേക്ക് എല്ലാം വ്യാപിപ്പിക്കാനും സാധിക്കും. അതായത്, നിങ്ങളുടെ ഫോണില്‍ നിന്നുമാത്രമല്ല, ബ്ലൂടൂത്തുമായി ഫോണിലെ ക്യാംഡോം ആപ്പ് ബന്ധിപ്പിച്ചിട്ടുള്ള ഒരു ഉപകരണത്തില്‍ നിന്നും അവയിലെ ക്യാമറ ഉപയോഗിക്കാനാവില്ല, ആപ്പ് അതിലെയൊക്കെ ക്യാമറകളും മൈക്രോഫോണുകളും ബ്ലോക്ക് ചെയ്യും എന്നാണ് ക്യാംഡോം ആപ്പ് നിര്‍മിച്ച വേള്‍ഡ് (World) എന്ന കമ്പനിയുടെ പരസ്യം അവകാശപ്പെടുന്നത്.

'മൊബൈല്‍ ഫോണുകള്‍ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യചിത്രങ്ങളും വീഡിയോകളുമടക്കം നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ഫോണില്‍ സൂക്ഷിക്കാറുണ്ട്. നിങ്ങളുടെ സമ്മതമില്ലാതെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചാല്‍ ബ്ലൂടൂത്തിലൂടെ നിങ്ങള്‍ക്കത് തടയാം. അതിനു സഹായിക്കുന്ന ആപ്പാണ് ക്യംഡോം', കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'ലൈംഗികബന്ധത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്ടത്തിലൂടെ ഒരുപരിധി വരെ നമുക്കായിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയെ ഭയപ്പെടുത്തുന്ന ഒരു ഡിജിറ്റല്‍ പ്രശ്‌നത്തെ പരിഹരിക്കാനാണ് ഈ പുതിയ ആപ്പിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ശരിക്കുമുള്ള കോണ്ടത്തിലൂടെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ നമുക്ക് കഴിയില്ലായിരിക്കാം എന്നാല്‍ ഒരു ഡിജിറ്റല്‍ കോണ്ടത്തിലൂടെ തീര്‍ച്ചയായും സാധിക്കും. അനുവാദമില്ലാതെ ആളുകളുടെ സ്വകാര്യവീഡിയോകള്‍ ചോര്‍ത്തുന്ന പ്രവണത തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ബില്ലി ബോയ് ബ്രാന്‍ഡിന്റെ മാനേജര്‍ അലക്‌സാണ്ടര്‍ സ്ട്രുമന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker