കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ്സ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു.ഗതാഗത പരിഷ്‌കരണങ്ങള്‍ സര്‍വ്വീസിനെ ബാധിക്കുന്നതായി ആരോപിച്ചാണ് സമരം.
വൈറ്റില, കുണ്ടന്നൂര്‍, തേവര, ഇടപ്പള്ളി, കടവന്ത്ര ജംക്ഷനുകളില്‍ ഗതാഗതക്കുരുക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ബസ് സര്‍വ്വീസുകളെ ബാധിക്കുകയാണ്. ഗതാഗത പരിഷ്‌കരണം കാരണം ബസ്സുകള്‍ കിലോമീറ്ററുകള്‍ അധികം ഓടുകയും ഇന്ധന നഷ്ടവും സമയ നഷ്ടവും സഹിക്കേണ്ടി വരികയും ചെയ്യുകയാണെന്ന് നാല് ബസ് ഉടമകളുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 13ന് യോഗം ചേര്‍ന്ന ബസ് ഉടമകള്‍ 20ന് സമരം ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടത്തെയും സിറ്റി പോലീസ് കമ്മീഷണറെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ബസ് ഉടമകള്‍ ഉന്നയിച്ചത് വൈറ്റില ദേശീയപാതയിലെ അണ്ടര്‍ പാസ് ഉപയോഗിക്കാന്‍ ബസ്സുകളെ അനുവദിക്കുക, കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് സമീപം സ്വകാര്യ ബസ്സുകള്‍ക്ക് മുന്‍ഗണന നല്‍കുക, പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിടുക, സമയം പാലിക്കാതെ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് എതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ്.
സെപ്റ്റംബര്‍ 20 മുതല്‍ നടപടി സ്വീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പിബിഒഎ, കെബിടിഎ, പിബിഒഎഫ്, പിബിഒഒ എന്നീ സംഘടനകള്‍ നല്‍കിയ കത്തില്‍ പറയുന്നു.