കൊച്ചി: ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബോള്‍ ലീഗില്‍ നിക്ഷേപവുമായി നടന്‍ പൃഥ്വിരാജ്. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്‌ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമ താരമായും പൃഥ്വിരാജ് മാറി.
മുന്‍ ഇന്ത്യന്‍ ടെന്നീസ് താരവും എസ്.ജി. സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സി.ഇ.ഒയുമായ മഹേഷ് ഭൂപതിയും നടി ലാറ ദത്തയുമാണ് കൊച്ചി പൈപ്പേഴ്‌സ് ടീമിന്റെ ഉടമകള്‍. നേരത്തേ എസ്എല്‍കെയില്‍ തൃശൂര്‍ ആസ്ഥാനമായ ടീമില്‍ ഓഹരി പങ്കാളിത്തത്തിനായി പൃഥ്വിരാജ് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
അതേസമയം സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന് സെപ്റ്റംബര്‍ ആദ്യവാരം കിക്കോഫാകും. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി പൈപ്പേഴ്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂര്‍ റോര്‍, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ആറുടീമുകള്‍ മത്സരിക്കും.