സോഷ്യൽ മീഡിയയിൽ തരംഗമായി പൃഥ്വിയുടെ ഇല്ലുമിനാറ്റി ചിത്രം: എമ്പുരാന്റെ സൂചനകളെന്ന് ആരാധകർ
ലൂസിഫർ വൻ വിജയമായപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുകയാണ് സീക്വൽ ആയ എമ്പുരാനുവേണ്ടി. ചിത്രത്തെ സംബന്ധിച്ചുവരുന്ന ഓരോ വാർത്തയും, ചിത്രങ്ങളും മോഹൻ ലാലിന്റെയും, പൃഥ്വിരാജിന്റെയും ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാറുമുണ്ട്. ആ നിരയിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു ചിത്രമാണ്. എമ്പുരാന്റെ സംവിധായകനായ പൃഥ്‌വിരാജാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ലൂസിഫറിൽ ടൊവിനോ അവതരിപ്പിച്ച ജതിന് രാംദാസ് എന്ന കഥാപാത്രവും, മോഹൻ ലാലിൻറെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രവും പുറം തിരിഞ്ഞു നിൽക്കുന്നതായാണ് ചിത്രത്തിൽ. ജതിൻ വലം കൈകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കൈ J എന്ന അക്ഷരത്തിന്റെ രൂപത്തിലും, സ്റ്റീഫൻ ഇടത് കൈ കൊണ്ട് അഴികളിൽ പിടിച്ചിരിക്കുമ്പോൾ L എന്ന അക്ഷരത്തിന്റെ രൂപത്തിലും കാണാം. ഇവയെ ജതിൻ എന്നോ ജീസസ് എന്നോ വായിക്കാമെന്ന് കാഴ്ചക്കാർ പറയുന്നു. L എന്നത് ലൂസിഫർ എന്നും വായിക്കാമെന്ന് ചിലർ.
രചയിതാവായ മുരളി ഗോപിയെ ടാഗ് ചെയ്താണ് പൃഥ്‌വി ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖുറേഷി എബ്രഹാമായുള്ള സ്റ്റീഫന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു എന്നറിയാനായി ആരാധകർ കാത്തിരിക്കുകയാണ്.
പൃഥ്‌വിരാജ് നിലവിൽ കരാറിലേർപ്പെട്ടിരിക്കുന്ന ചിത്രങ്ങളുടെ പൂർത്തീകരണത്തിന് ശേഷമാകും, എഴുത്ത് ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എമ്പുരാന്റെ ചിത്രീകരണം തുടങ്ങുന്നത്.