ബ്രോ ഡാഡിയെ വെറുതെ വിടില്ല ഞാൻ, അടുത്ത വർഷം വീണ്ടും വരും;എമ്പുരാന്റെ സൂചനയുമായി പൃഥ്വി
കൊച്ചി:മോഹൻലാൽ ആരാധകർ ഏതാനും വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വമ്പൻ സൂചന നൽകിയിരിക്കുകയാണ് പൃഥ്വി ഇപ്പോൾ.
എമ്പുരാൻ അടുത്തവർഷം ഉണ്ടാവുമെന്നാണ് സൂചന. തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോഡാഡിയിലെ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്. “ഇല്ല … ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും !” എന്നാണ് പൃഥ്വി എഴുതിയിരിക്കുന്നത്.
ഈ പോസ്റ്റ് എമ്പുരാനുമായി ബന്ധപ്പെട്ടതാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നേരത്തെ മുരളി ഗോപിയും എമ്പുരാൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ട സൂചന നൽകിയിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. കൊച്ചാൾ എന്ന ചിത്രമാണ് മുരളി ഗോപിയുടേതായി ഇനി വരാനിരിക്കുന്നത്.
അറുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന അതുല്യനടൻ മോഹൻലാലിന് നിരവധി താരങ്ങൾ ആശംസകൾ നേർന്നിരുന്നു. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ ശ്രീ മോഹൻലാലിന് പിറന്നാൾ ആശംസകൾ എന്നായിരുന്നു സുരേഷ് ഗോപി പങ്കുവച്ചത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ പിറന്നാളാശംസയാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. താൻ വെറുതേ വിടില്ലെന്നും അടുത്ത വർഷം വീണ്ടും വരുമെന്നുമാണ് മോഹൻലാലിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്.
മലയാളത്തിലെ മറ്റ് നിരവധി നടീനടൻമാരും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. 42 വർഷത്തെ സിനിമാജീവിതത്തിൽ മോഹൻലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണിവർ. മഞ്ചു വാര്യർ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ജയ സൂര്യ, നിവിൻ പോളി, വിനു മോഹൻ തുടങ്ങിയ താരങ്ങളും മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരുന്നു.