ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷമേഖലയായ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിബിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയില്‍ എത്തിയത്. ലഡാക്കിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലേ സന്ദര്‍ശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സേനാവിന്യാസവും വിലയിരുത്തും.
കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ ചാനലായ ദൂരദര്‍ശന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് അവസാന നിമിഷം മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആ ഘട്ടത്തിലും കേന്ദ്രം രഹസ്യമാക്കിവച്ചു.
ലേയില്‍ എത്തിയ പ്രധാനമന്ത്രി ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ കാണുമെന്നാണ് കരുതുന്നത്. പരിക്കേറ്റ സൈനികര്‍ ലേയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.