ലഡാക്ക്: ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ലോകം കണ്ടു. നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദര്‍ശനചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്ന ആളുകളാണ് നാം.