കോട്ടയം: അയര്‍ക്കുന്നത്ത് ദുരൂഹ സാഹചര്യത്തില്‍ വൈദികനെ കാണാതായെന്ന് പരാതി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരിയും എടത്വ സ്വദേശിയായ ഫാ.ജോര്‍ജ് എട്ടുപറയിലിനെ(55)യാണ് ഇന്നലെ മുതല്‍ കാണാതായത്.
മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ഇന്നലെ ഉച്ചവരെ വികാരി പള്ളിയിലുണ്ടായിരുന്നതായി വിശ്വാസികള്‍ പറയുന്നു. വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്നു, പള്ളി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേര്‍ന്നു അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്ത് പരിശോധന നടത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത വ്യക്തമായത്.
പള്ളിയില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വൈദികര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫാ.ജോര്‍ജിന് പള്ളി വിട്ടു പോകേണ്ടതായ സാഹചര്യം ഒന്നും നിലവിലില്ലെന്നാണ് പള്ളി കമ്മിറ്റി അധികൃതരുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും നിലവിലില്ല താനും. ഈ സാഹചര്യത്തില്‍ വൈദികന്റെ തിരോധാനം ദുരൂഹമായി തന്നെ തുടരുകയാണ്.
വൈദികനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം, പുന്നത്തുറ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.