തൃശൂര്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉറങ്ങുന്ന നടന്‍ പ്രേംജിയുടെ വീട് തകര്‍ച്ചയുടെ വക്കില്‍. മഴയില്‍ മരം കടപുഴകിവീണ് വീടു തകര്‍ന്ന വീട് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. പ്രേംജിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരിന്നു മന്ത്രിയുടെ പ്രതികരണം. സംരക്ഷിത സ്മാരകമായി നിലനിര്‍ത്താമെങ്കില്‍ വീടും പുരയിടവും വിട്ടുനല്‍കാമെന്നു പ്രേംജിയുടെ മകന്‍ നീലന്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. നിരവധി ചരിത്രസംഭവങ്ങള്‍ പിറന്ന വീടാണിത്.
വിധവാ വിവാഹവും തുടര്‍ന്നുള്ള സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളുംവഴി ചരിത്രത്തില്‍ ഇടംനേടിയ പ്രേംജി താമസിച്ചിരുന്ന വീട് മൂന്ന് ദിവസം മുന്‍പാണു തകര്‍ന്നത്. വിധവയായ ആര്യ അന്തര്‍ജനത്തെ വിവാഹം കഴിച്ച ശേഷം സാമൂഹിക ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കാലത്ത് പ്രേംജിയും ആര്യയും താമസിച്ചത് പൂങ്കുന്നത്തെ ഈ വീട്ടിലാണ്. ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ശ്രീധരമേനോന്‍, വയലാര്‍ രാമവര്‍മ, ആറ്റൂര്‍ രവിവര്‍മ, ഉറൂബ്, എസ്.കെ. പൊറ്റെക്കാട് തുടങ്ങിയവരും പ്രേംജിയുടെ സുഹൃത്തുകള്‍ ഈ വീട്ടിലെ നിത്യസന്ദര്‍ശകരുമായിരുന്നു.
വീടിന്റെ സംരക്ഷണകാര്യം മന്ത്രി എ.കെ. ബാലനുമായി ചര്‍ച്ച ചെയ്തതായി സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിനു പൂര്‍ണ താല്‍പര്യമുണ്ടെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. സാഹിത്യ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുക്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. ഫണ്ടിന്റെ കാര്യമടക്കം ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.