CrimeNationalNews

നിധി കണ്ടെത്താൻ ദുർമന്ത്രവാദം ‘ബലി’ കൊടുക്കാൻ ഗർഭിണി,11 പേരെ കൊന്ന സീരിയൽ കില്ലർ പിടിയിൽ

ഹൈദരാബാദ്: കൊലക്കേസിൽ പിടിയിലായ റിയൽ എസ്റ്റേറ്റ് ഏജന്‍റിനെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി. ഒരാളെ കൊന്ന കുറ്റത്തിന് പിടിയിലായ പ്രതി മൂന്ന് സംസ്ഥാനങ്ങളിലായി 11 പേരെ കൊലപ്പെടുത്തിയ സീരിയിൽ കില്ലറെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ഏജന്‍റായി ചമഞ്ഞ് പണം തട്ടിയ ശേഷം ഒരാളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ 47 കാരൻ ആർ സത്യനാരായണയാണ് മൂന്ന് വർഷത്തിനുള്ളിൽ 11 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ ചോദ്യം ചെയ്ത പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2020 മുതൽ 11 പേരെ താൻ കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 

ഹൈദരാബാദ് സ്വദേശിയായ വസ്തുക്കച്ചവടക്കാരൻ വെങ്കിടേഷിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സത്യനാരായണ പിടിയിലാകുന്നത്. ചേദ്യം ചെയ്യലിൽ വെങ്കിടേഷിനെയും ഇയാളെ കൂടാതെ 10 പേരെയും താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. വസ്തുകച്ചവടവും നിധി കണ്ടെത്തുന്നതിനായി ബലി കൊടുക്കാൻ ഗർഭിണികളെ വേണമെന്ന് പറഞ്ഞതോടെ ഉണ്ടായ തർക്കവുമാണ് വെങ്കിടേഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : റിയൽ എസ്റ്റേറ്റ് ബിസിനസിനോടൊപ്പം നിധി ശേഖരം കണ്ടെത്താനായി ദുർമന്ത്രവാദം നടത്തുന്നതും പ്രതിയുടെ പതിവായിരുന്നു. കൊല്ലപ്പെട്ട വെങ്കിടേഷും താൻ വാങ്ങിയ കൊല്ലപുരിലുള്ള സ്ഥലത്ത് നിധിശേഖരമുണ്ടോ എന്നറിയിനാണ് സത്യനാരായണയെ ബന്ധപ്പെടുന്നത്.

മന്ത്രവാദം നടത്തി നിധി കണ്ടെത്താനായി 10 ലക്ഷം രൂപ വെങ്കിടേഷ് സത്യനാരായണയ്ക്ക് നൽകി. മന്ത്രവാദത്തിനായി മൂന്ന് ഗർഭിണികളെ നരബലി നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതോടെ വെങ്കിടേഷ് മന്ത്രവാദത്തിൽ നിന്നും പിന്മാറി.  താൻ നൽകിയ 10 ലക്ഷം തിരികെ തരണമെന്നും ആവശ്യപ്പെട്ടു. 

പലരെയും കബളിപ്പിച്ച് പണവും വസ്തുവകകളും തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. വെങ്കിടേഷ് പണം ചോദിച്ചതോടെ സത്യനാരായണ ഇയാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പൂജയുടെ ഭാഗമായി നവംബർ നാലാം തീയതി സത്യനാരായണ വെങ്കിടേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തി.

പിന്നീട് പ്രസാദമെന്ന് പറഞ്ഞ് പാലിൽ വിഷം ചേർത്ത് നൽകി. ബോധരഹിതനായ വെങ്കിടേഷിന്‍റെ വായിലും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു. വെങ്കിടേഷ് ദിവസങ്ങളായി വീട്ടിലെത്താതിരുന്നതോടെ ഭാര്യ നൽകിയ പരാതിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

ഇതിനിടയിലാണ് സത്യനാരായണയുമായി നടത്തിയ ഫോൺകോളുകള്‍ പൊലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തറിയുന്നത്. വസ്തുവകകളില്‍ നിധിശേഖരം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും മന്ത്രവാദത്തിലൂടെ ഇത് കണ്ടെത്താമെന്നും പറഞ്ഞ്  കബളിപ്പിച്ച് പണവും വസ്തുവകകളും തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 10 പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button