മൂന്നാമതും ഗർഭിണിയാണോ? യാഥാർത്ഥ്യം വെളിപ്പെടുത്തി പേളി മാണി
കൊച്ചി:സോഷ്യല്‍ മീഡിയ രംഗത്ത് മറ്റ് പല സെലിബ്രറ്റികള്‍ക്കും സ്വന്തമാക്കാനാകാത്ത ഉയരങ്ങള്‍ താണ്ടിയ വ്യക്തിയാണ് പേളി മാണി. ഭർത്താവ് ശ്രീനിഷിനും തന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം പേളി ചെയ്യുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇടക്കിടെ താരത്തിന്റേതായുള്ള സെലിബ്രിറ്റി അഭിമുഖങ്ങളും യൂട്യൂബ് ചാനലില്‍ പുറത്ത് വരാറുണ്ട്. ഇതിനിടെയാണ് പേളി മാണി മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.
പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് താരം മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നുവെന്ന പ്രചരണമുണ്ടായത്. വീഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു സന്തോഷ വാർത്ത പറയാനുണ്ട്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നും പേളി മാണി പറഞ്ഞിരുന്നു. ഇതിന് പിന്നലായാണ് താരം പോലും അറിയാത്ത “ഗർഭ വാർത്ത” പ്രചരിക്കാന്‍ തുടങ്ങിയത്. ആ ഹാപ്പി ന്യൂസ് എന്താണെന്ന് പറയാന്‍ പേളിയും ശ്രീനിഷും തയ്യാറാകാതിരുന്നതും പ്രചരണത്തിന്റെ ആക്കം കൂട്ടി.
ഇരുവരുടേയും സുഹൃത്തും നടനുമായ അരിസ്റ്റോ സുരേഷും ഒരു അഭിമുഖത്തിൽ പേളി മാണി ഗർഭിണിയാണെന്ന് അറിഞ്ഞുവെന്ന് പറഞ്ഞിരുന്നു. ‘അവൾ മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോ പറഞ്ഞ് കേട്ടതാട്ടോ, അതൊന്നും ഇനി വിവാദമാക്കണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള കുട്ടിയായിരുന്നു’ എന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ വാക്കുകള്‍.
ബിഗ് ബോസില്‍ വെച്ച് പേളിയേയും ശ്രീനിഷിനേയും ഞാൻ ഒരുപാട് പിന്തുണച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ അവരുടെ ബന്ധത്തിൽ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ചില തെറ്റിധാരണകൾ കാരണമായിരുന്നു അത്. പക്ഷെ അതൊക്കെ മാറി, അവരുടെ വിവാഹത്തില്‍ സജീവമായി തന്നെ പങ്കെടുത്തു. ജീവിതത്തിൽ അടിയന്തരമായൊരു ആവശ്യം വന്നപ്പോൾ പേളിയും ശ്രീനിഷുമാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികൾ ആയശേഷം ഞാൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആൺകുട്ടി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു – എന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.
അതേസമയം, താന്‍ മൂന്നാമതും ഗർഭിണിയാണെന്ന വാർത്ത പേളി മാണി തള്ളുകയാണ് ഇപ്പോള്‍.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സത്യാവസ്ഥ വ്യക്തമാക്കുന്നത്. ‘ഞാൻ ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്’- എന്ന് താരം കുറിച്ചു. നില, നിതാര എന്നിങ്ങനെയാണ് പേളി-ശ്രീനിഷ് ദമ്പതികളുടെ രണ്ട് മക്കളുടെ പേരുകള്‍.