ഭോപ്പാല്‍: വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിംഗ്. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനായി സിനിമയെ വെല്ലുന്ന വീഡിയോഗ്രഫിയാണ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടില്‍ അണിയിച്ചൊരുക്കുന്നത്. എന്നാലിതാ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു.
ഭോപ്പാലില്‍ മൂന്ന് സമുദായക്കാര്‍ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും പഴയ രീതികളും സംസ്‌കാരവും നമ്മള്‍ പിന്തുടരുകയാണെങ്കില്‍ വിവാഹജീവിതം വിജയകരവും സന്തോഷപൂര്‍ണവുമാകുമെന്നും പിസി ശര്‍മ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ ഗുജറാത്തി, ജെയ്ന്‍, സിന്ധി സമുദായക്കാരാണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.