അഹമ്മദാബാദ്:ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ ഞായറാഴ്ച നടക്കുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി കേന്ദ്ര നിരീക്ഷകർ എന്ന നിലയിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമർ എന്നിവർ ഗുജറാത്തിൽ എത്തിയിട്ടുണ്ട്.
അതിനിടെ, അടുത്ത മുഖ്യമന്ത്രിയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനേയും പരിഗണിക്കുന്നതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അദ്ദേഹത്തെ കൂടാതെ, നിതിൻ പട്ടേൽ, ഗോർദൻ സദാഫിയ, സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ എന്നിവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയായി പട്ടേൽ വിഭാഗത്തിൽനിന്നുള്ള ഒരാൾ വരാനാണ് സാധ്യതയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററാണ് പ്രഫുൽ പട്ടേൽ. അടുത്തിടെ ലക്ഷദ്വീപിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. മദ്യനിരോധനം നീക്കിയതും സർക്കാർ സർവീസിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതും ബീഫ് നിരോധിച്ചതും അടക്കമുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടികളാണ് വിവാദമുണ്ടാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായി ആയാണ് പ്രഫുൽ പട്ടേൽ അറിയപ്പെടുന്നത്. ഗുജറാത്തിൽ 2010ലെ നരേന്ദ്ര മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. പിന്നീട് മോദി പ്രധാനമന്ത്രിയായപ്പോൾ 2014 മുതൽ ആണ് അദ്ദേഹം കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ നിയമനങ്ങളിൽ ഒന്നായിരുന്നു പ്രഫുൽ പട്ടേലിന്റേത്.
,ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാൽ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.