‘എന്നെ ആളുകൾ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ല’; ‘രാധേ ശ്യാ’മിന്റെ പരാജയത്തെ കുറിച്ച് പ്രഭാസ്
‘ബാഹുബലി’, ‘സാഹോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് നായകനായ ചിത്രമായിരുന്നു ‘രാധേ ശ്യാം’. സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയാണ് ആരാധകർ രാധേ ശ്യാമിന് നൽകിയത്. എന്നാൽ രാധാകൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് വിചാരിച്ച വിജയം നേടാനായില്ല. മാത്രമല്ല പ്രഭാസ് ആരാധകരെ ചിത്രം കടുത്ത നിരാശയിലാക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. തന്നിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒരുപക്ഷെ ഇതാകില്ല എന്നാണ് തരാം പറയുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്. എന്നിൽ നിന്ന് പ്രേക്ഷകർ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.’കൊവിഡ് അല്ലെങ്കിൽ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എന്നെ ആളുകൾ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നിൽ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം’ പ്രഭാസ് പറഞ്ഞു.
പാൻ ഇന്ത്യ റിലീസായെത്തിയ ‘രാധേ ശ്യാം’ പ്രഭാസിന്റെ പരാജയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തീർക്കഥയും സാങ്കേതികതായും റിലീസിന് ശേഷം വിമർശിക്കപ്പെട്ടു. സിനിമയുടെ പരാജയം താങ്ങാനാവാതെ പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തതും വാർത്തയായിരുന്നു. 350 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ലഭിച്ചത് 214 കോടി മാത്രമാണ്. ടി സീരീസും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് ചിത്രത്തിൽ എത്തിയത്. പ്രഭാസിനൊപ്പം പൂജ ഹെഗ്‌ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിൽ എത്തിയിരുന്നു.