ചെന്നൈ:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി. സംഭവം സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം പവർകട്ട് മനഃപൂർവമല്ലെന്ന് ആരോപണങ്ങളോട് പ്രതികരിച്ച ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വൈദ്യുതി മുടക്കത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
#WATCH | "Since a month, power consumption is much more than the normal days because of the heat…sometimes it happens, it's not intentional…when PM's convoy was going, Pulwama attack happened and who was responsible for it?…BJP might even give this case to CBI…they're… pic.twitter.com/UuFzI5ePSl
— ANI (@ANI) June 11, 2023
ഒരു മാസമായി, ചൂട് കാരണം വൈദ്യുതി ഉപഭോഗം സാധാരണയേക്കാൾ വളരെ കൂടുതലാണ്. ചിലപ്പോൾ ഇത് (പവർ കട്ട്) സംഭവിക്കുന്നു, ഇത് മനഃപൂർവമല്ല. ബി.ജെ.പി ഈ കേസ് സിബിഐക്ക് നൽകിയേക്കും. അവർ ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്”, ഇളങ്കോവൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐയെ റിപ്പോർട്ട് ചെയ്തു.
ഹൈ ടെൻഷൻ (230 കെവി) വിതരണ ലൈനിൽ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവള പരിസരത്ത് മാത്രമല്ല, പോരൂർ, സെന്റ് തോമസ് മൗണ്ട്, പൂനമല്ലി, പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയതായി വൈദ്യുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ചെന്നൈയിൽ ശനിയാഴ്ച രാത്രി 9.30 മുതൽ 10.12 വരെയാണ് വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈദ്യുതി ബോർഡ് ബദൽ സ്രോതസ്സുകൾ ഉപയോഗിച്ചു. വൈദ്യുതി ലൈൻ ശരിയാക്കൽ ജോലികൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഇബി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഡിഎംകെ സർക്കാരിനും തമിഴ്‌നാട് ഊർജ വകുപ്പ് മന്ത്രി സെന്തിൽ ബാലാജിക്കുമെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ വ്യാപക പ്രതിഷേധം ഉയർത്തി.
“ഇത് അന്വേഷിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നത്? ഇതൊരു സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം,” തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയത്. ശനിയാഴ്ച രാത്രി 9.20നാണ് അദ്ദേഹം ചെന്നൈയിലെത്തിയത്.