കൊല്ലം: കൊല്ലം ഇളവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ കണ്ടെത്തി. മുങ്ങിമരണം ആകാമെന്നാണ് പ്രാഥമിക നിഗമനം കുട്ടി കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്ന് നിഗമനം. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നേരത്തെ ഇന്‍ക്വസ്റ്റ് നപടികളിലും കുട്ടിയുടെ ശരീരത്തില്‍ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ കണ്ടെത്താനായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങള്‍ എല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു. ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ ഏഴു വയസുള്ള മകള്‍ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്. കുടവട്ടൂര്‍ വാക്കനാട് സരസ്വതീ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ 20 മണിക്കൂറായി ദേവനന്ദയ്ക്കായി പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിവരികയായിരുന്നു. അമ്മ വീടിന്റെ പുറകുവശത്ത് തുണി അലക്കിയശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അറിയുന്നത്.