ലൈപ്സീഗ് ∙ 90–ാം മിനിറ്റിൽ പകരക്കാരായി ഇറങ്ങിയ രണ്ടു പേർ ചേർന്നൊരുക്കിയ ഇൻജറി ടൈം ഗോളിൽ യൂറോ കപ്പിൽ പോർച്ചുഗലിന് വിജയത്തുടക്കം. എഫ് ഗ്രൂപ്പ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം തോൽപിച്ചത് (2–1). സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഫ്രാൻസിസ്കോ കോൺസെയ്സാവോയാണ് പോർച്ചുഗലിന്റെ വിജയഗോൾ നേടിയത്.
ഒപ്പം ഇറങ്ങിയ പെഡ്രോ നെറ്റോ ഗോളിനു വഴിയൊരുക്കി. 62–ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോദിന്റെ ഗോളിൽ ചെക്ക് റിപ്പബ്ലിക്കാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്. 63–ാം മിനിറ്റിൽ ചെക്ക് താരം റോബിൻ റാനകിന്റെ സെൽഫ് ഗോളിൽ പോർച്ചുഗൽ ഒപ്പമെത്തി. കളി സമനിലയിലേക്കെന്നു കരുതിയിരിക്കവെയാണ് പോർച്ചുഗലിന്റെ ആവേശത്തിനും അധ്വാനത്തിനും പ്രതിഫലമായി വിജയഗോൾ വന്നത്. നെറ്റോയുടെ ക്രോസ് ചെക്ക് പ്രതിരോധത്തിന് ക്ലിയർ ചെയ്യാനാവാതെ പോയത് കോൺസെയ്സാവോ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.
രണ്ടാം പകുതിയിൽ ചെക്ക് റിപ്പബ്ലിക്കും ഉണർന്നു കളിച്ചതോടെ കളി ആവേശകരമായി. 62–ാം മിനിറ്റിൽ കളിയുടെ ഗതിക്കെതിരെ ചെക്കിന്റെ ഗോൾ. പെനൽറ്റി ഏരിയയിൽ കൂഫൽ നീക്കി നൽകിയ പന്ത് കാത്തു നിന്ന പ്രൊവോദ് തകർപ്പൻ ഷോട്ടിലൂടെ ഗോളിലേക്കു ചാർത്തി. അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതോടെ പോർച്ചുഗലിനു വീര്യമേറി. മൂന്നു മിനിറ്റിനകം അതിനു പ്രതിഫലവും കിട്ടി. നുനോ മെൻഡസിന്റെ ഒരു ഹെഡർ ശ്രമം സ്റ്റാനെക് തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല.
തട്ടിത്തെറിച്ച പന്ത് ഡിഫൻഡർ റാനകിന്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക്. യൂറോ കപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമായ പോർച്ചുഗലിന്റെ പെപ്പെ. ഇന്നലെ ചെക്ക് റിപ്പബ്ലിക്കിനെതിരെ കളത്തിലിറങ്ങിയപ്പോൾ 41 വയസ്സും 113 ദിവസവുമായിരുന്നു പെപ്പെയുടെ പ്രായം.