KeralaNews

ശവപ്പെട്ടിയുമായെത്തി അമ്മയെ അടക്കാന്‍ ശ്രമിച്ച മുന്‍ സൈനികനായ മകന്‍; പൂവാറിലെ റിട്ട. അധ്യാപികയുടെ ദുരൂഹമരണം കൊലപാതകം

പൂവാര്‍: മുന്‍അധ്യാപികയായ വയോധികയുടെ ദുരൂഹമരണത്തില്‍ മുന്‍ സൈനികനായ മകന്‍ അറസ്റ്റില്‍. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്നു കണ്ടെത്തി. പൂവാര്‍ പാമ്പുകാല ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും മുന്‍ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓമനയുടെ മകന്‍ വിപിന്‍ദാസി(39)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റുചെയ്തത്.

ഉച്ചയോടെ വിപിന്‍ദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാര്‍ മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് അന്വേഷിക്കാനെത്തിയ നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിന്‍ദാസ് ഓടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാന്‍ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാര്‍ പൂവാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിന്‍ദാസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റാനായത്.

മരണത്തില്‍ തുടക്കം തൊട്ട് സംശയം തോന്നിയതോടെ വിപിന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് മരണത്തില്‍ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മര്‍ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിന്‍ദാസ്, സ്ഥിരമായി ഓമനയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനല്‍കി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഓമനയുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹം പോലീസ് സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിന്‍കോട് സ്‌കൂളിലെ മുന്‍ അധ്യാപികയാണ് ഓമന. വിപിന്‍ദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker