മദ്യലഹരിയില്‍ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് പോലീസിനെ വട്ടം ചുറ്റിച്ച് യുവാക്കള്‍; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി
ചെന്നൈ: മദ്യഹരിയില്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് സന്ദേശമയച്ച് പോലീസുകാരെ വട്ടം ചുറ്റിച്ച യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ പോരൂരിലെ ഒരു ഐടി കമ്പനി ജീവനക്കാരായ വരുണ്‍രാജ് (25), അജിത് (25) എന്നിവരാണ് വയര്‍ലെസ് മോഷ്ടിച്ച് പോലീസിനെ വട്ടം ചുറ്റിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വിരുഗമ്പാക്കം ആര്‍കോട് റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. നിശാപാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ മൂന്നോടെ രാമപുരത്തെ താമസസ്ഥലത്തേക്ക് മടങ്ങിയ യുവാക്കള്‍ വല്‍സരവാക്കം സിഗ്നലിനടുത്തുള്ള തട്ടുകടയില്‍ ചായ കുടിക്കാന്‍ ബൈക്ക് നിര്‍ത്തി. ഈ സമയം നൈറ്റ് പെട്രോളിംഗ് സംഘവും കടയിലെത്തി. ചായകുടിച്ച് മടങ്ങാനൊരുങ്ങിയ യുവാക്കള്‍ ബൈക്കില്‍ കയറി പോകാനൊരുമ്പോള്‍ പോലീസ് ജീപ്പില്‍ ബൈക്ക് ഉരസി. ഇരുവരെയും ഉടന്‍ തന്നെ പോലീസ് തടഞ്ഞു. പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലാണെന്ന് മനസിലാക്കി. ഇതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലേക്ക് ഇരുവരെയും കൊണ്ടുപോകുന്നതിനിടയിലാണ് വാഹനത്തിലിരുന്ന വയര്‍ലെസ് സെറ്റ് യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. വരുണ്‍രാജ് ജീപ്പിലിരുന്ന വയര്‍ലെസ് സെറ്റ് കൈക്കലാക്കി തെറ്റു ചെയ്യാഞ്ഞിട്ടും പോലീസ് തങ്ങളെ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് സന്ദേശമയച്ചു. കണ്‍ട്രോള്‍ റൂമിലുള്‍പ്പെടെ സന്ദേശമെത്തിയതോടെ വയര്‍ലെസ് സെറ്റിന്റെ ഉടമയായ പോലീസുകാരെ ഉടന്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വരുണാണ് സന്ദേശം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നും കേസ് എടുക്കരുതെന്നും യുവാക്കള്‍ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. കേസെടുത്ത ശേഷം യുവാക്കളെ പോലീസ് ജാമ്യത്തില്‍ വിട്ടു.