വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് സയനൈഡ് നുള്ളിയെടുക്കും, ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്‍ക്കും; ജോളിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്
കോഴിക്കോട്: കൂടത്തായിലെ മരണപരമ്പരകളെ കുറിച്ച് ജോളിയുടെ വിവരണം കേട്ട് പോലീസിന് പോലും ഞെട്ടല്‍. വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തുക. പിന്നെ തന്റെ ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്‍ക്കും- ജോളി പറഞ്ഞു. ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയത്. അദ്ദേഹത്തോടൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേര്‍ത്ത് നല്‍കിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റല്‍ ക്ലിനിക്കില്‍ വച്ച് മരുന്നില്‍ ചേര്‍ത്ത് സയനൈഡ് നല്‍കിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. സിലിയുടെ മരണത്തില്‍ താമരശ്ശേരി പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടില്‍ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.