ലക്‌നൗ: ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നു ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.
അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കു കാല്‍നടയായി പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് രാഹുലിനെ പോലീസ് അറസ്റ്റു ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ അവിടേക്ക് ആള്‍ക്കൂട്ടമായി പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസ് നിലപാട്.
ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് രാഹുലിന്റെറയും പ്രിയങ്കയുടെയും വാഹനവ്യൂഹം പോലീസ് തടഞ്ഞിരുന്നു. ഇതോടെ ഇരുവരും നടന്നുപോകാന്‍ തീരുമാനിച്ചത്. നിരോധനാജ്ഞ ഉള്ളതിനാല്‍ കൂടെയുള്ള പ്രവര്‍ത്തകരോട് തിരിച്ചു പോകാന്‍ പറയുമെന്നും തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാഹുലിനെ തള്ളി മാറ്റുമ്പോള്‍ അദ്ദേഹം തറയില്‍ വീഴുകയും ചെയ്തിരുന്നു.