പ്രസ്‌ക്ലബ് വിഷയം; സെന്‍കുമാറിന്റെ പരാതിയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് വിഷയത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പി.ജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരേയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കു ദിവസങ്ങള്‍ക്കു മുമ്പു പരാതി നല്‍കിയിരുന്നു. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കടവിലുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയില്‍ പറയുന്നത്.
സെന്‍കുമാറും സുഭാഷ് വാസുവും നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഒരു സംഘം കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യം കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്കു നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോടു മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. സംഭവത്തില്‍ സെന്‍കുമാറിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരേ റഷീദ് കടവിലും പരാതി നല്‍കിയിരുന്നു.