രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി; നടുറോഡില്‍ കുടുങ്ങിയ യുവതിയ്ക്ക് രക്ഷകരായി ‘നിഴല്‍’
തിരുവനന്തപുരം: രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ യുവതിക്ക് രക്ഷകാരായി കേരളാ പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. പോസ്റ്റിന് വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും കോഴിക്കേട്ടേയ്ക്ക് പോവുകയായിരുന്ന കടലുണ്ടി സ്വദേശിനി ശബ്നയ്ക്കാണ് പോലീസിന്റെ പുതിയ സ്ത്രീ സുരക്ഷ പദ്ധതിയായ നിഴല്‍ മുഖേനെ സഹായം ലഭിച്ചത്. രാത്രി 9.30 ന് തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷന് സമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്റെ ടയറില്‍ കാറ്റില്ലെന്ന് മനസിലായത്.
112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടതോടെ പത്തുമിനിറ്റിനകം കൊരട്ടി പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി. മെക്കാനിക്കിനെ വിളിച്ചുവരുത്തി സ്പെയര്‍ ടയര്‍ ഘടിപ്പിച്ചു നല്‍കുകയും അടുത്തവര്‍ക്ക് ഷോപ്പിലെത്തി എല്ലാ വീലിലും കാറ്റ് നിറച്ചുകൊടുക്കുകയും ചെയ്തു. പോലീസിന്റെ പ്രവര്‍ത്തിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.